ത്രിപുരയിൽ സ്റ്റാറായി തിപ്രമോത; ബി ജെ പിയും ഇടതും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ത്രിപുരയിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബി ജെ പി സഖ്യവും ഇടത് സഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ബി ജെ പിയും ഇടതും തമ്മിലുള്ള പോര് മുറുകുമ്പോഴും സ്റ്റാറാകുന്നത് രാഷ്ടീയരംഗത്തെ പുതു മുഖമായ തിപ്രമോത പാർ‌ട്ടിയാണ്. വെറും രണ്ടുവർഷം കൊണ്ടുതന്നെ തിപ്രമോത കരുത്തുതെളിയിക്കുന്ന കാഴ്ചയാണ് ത്രിപുരയിൽ കാണുന്നത്. രാജകുടുംബാംഗമായ പ്രദ്യോത് മാണിക്യ ദേബർമ്മ നയിക്കുന്ന തിപ്രമോത പാർട്ടി (ടി എം പി) നിലവിൽ 12 സീറ്റുകളിലാണ് മുന്നേറുന്നത്. ഗോത്ര മേഖലകളിൽ ബി ജെ പിയ്ക്ക് തിരിച്ചടി നൽകി കിംഗ് മേക്കറാകുകയാണ് ടി എം പി. അതേസമയം, ബി ജെ പി 30 സീറ്റുകൾ നേടി കുതിപ്പ് തുടരുമ്പോൾ ഒരുവേള പൊരുതി കയറിയ ഇടത് സംഖ്യം 17 സീറ്റുകളാണ് സ്വന്തമാക്കിയത്. ടി എം പിയുമായുള്ള സഖ്യം ബി ജെ പിയ്ക്കും ഇടത് സഖ്യത്തിനും നേട്ടമാണെന്നിരിക്കെ ഉറപ്പുകൾ എഴുതി നൽകുന്നവരുമായി സഖ്യത്തിന് തയ്യാറാണെന്നാണ് തിപ്രമോത വ്യക്തമാക്കുന്നത്.
ഇതിനിടെ ആദ്യഫലം പുറത്തുവന്നപ്പോൾ തന്നെ 13 സീറ്റിൽ ലീഡ് ചെയ്ത പാർട്ടിയുടെ വിജയം ആഘോഷിച്ചുതുടങ്ങിയിരിക്കുകയാണ് തിപ്രമോത പ്രവർത്തകർ. പാർട്ടി ചരിത്രം കുറിക്കുകയാണെന്നും ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്തുവന്നുകഴിയുമ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ ശക്തിയായി ടി എം പി മാറുമെന്നുംപ്രവർത്തകർ പറയുന്നു. ‘ഗ്രേറ്റർ തിപ്രലാൻഡ്’ എന്ന പേരിൽ തദ്ദേശീയ സമുദായങ്ങൾക്കായി പ്രത്യേക സംസ്ഥാനം എന്നതാണ് തിപ്രമോത മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. സംസ്ഥാനത്ത് 32 ശതമാനം വരുന്ന ഗോത്രവിഭാഗങ്ങളുടെ പിന്തുണയാണ് തിപ്രമോതയുടെ ശക്തി. ഗോത്രവിഭാഗത്തിൽ നിന്നായി 20 സീറ്റുകളാണ് ത്രിപ്രുര നിയമസഭയിൽ ഉള്ളത്. ‘ബുബാഗ്ര’ എന്ന് പേരിൽ ഗോത്രവിഭാഗങ്ങൾ വിളിക്കുന്ന ദേബർമ്മയ്ക്ക് ബി ജെ പിയ്ക്ക് കനത്ത പ്രഹരമേൽപ്പിക്കാനാകും എന്ന സൂചനയാണ് നിലവിലെ ലീഡ് നില വ്യക്തമാക്കുന്നത്.2019ൽ കോൺഗ്രസിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുത്തിന് ശേഷമാണ് തിപ്രാ തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം എന്നറിയപ്പെടുന്ന തിപ്ര മോത പാർട്ടി (ടി എം പി) ദേബർമ്മ രൂപീകരിക്കുന്നത്. തുടർന്ന് 2021 ലെ ത്രിപുര ആദിവാസി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പിയെ പരാജയപ്പെടുത്തി കരുത്തുകാട്ടി. ആദിവാസി മേഖലകളിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തിയായാണ് ടി എം പി വളരുന്നത്. അതുകൊണ്ടുതന്നെ തിപ്രമോതയുമായുള്ള സഖ്യം ഇടതിനും ബി ജെ പിയ്ക്കും നിർണായകമായിരിക്കും.