ത്രിപുരയിൽ കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് എം വി ഗോവിന്ദൻ

ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി പാലക്കാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് – ബിജെപി സഹകരണം ഉണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞുവെന്നും ഈ വോട്ട് യുഡിഎഫിന് കിട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം തോൽവികൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചുവേളി ടെർമിനലിനുള്ള റെയിൽവേ വികസന സാധ്യത കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ എംപിമാർ ഇക്കാര്യം മുഖവിലയ്ക്ക് എടുക്കുന്നില്ല. റെയിൽവേ വിളിച്ച യോഗത്തിൽ തിരുവനന്തപുരം എംപി ശശി തരൂർ പങ്കെടുത്തില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.