സിഎം രവീന്ദ്രന് കുരുക്ക് മുറുകുന്നോ? പുതിയ ചാറ്റുകൾ പുറത്ത്

‌‌മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകൾ പുറത്ത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളാണ് പുറത്ത് വന്നത്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നുണ്ട്. കോൺസുലേറ്റിലെ സ്വപ്നയുടെ രാജിയറിഞ്ഞ് സിഎം രവീന്ദ്രൻ ഞെട്ടിയെന്ന് എം ശിവശങ്കര്‍ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നു. ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിർപ്പ് കാരണമാണെന്നും ചാറ്റിലുണ്ട്. പുതിയ ജോലിയും യൂസഫലി എതിർക്കുമോയെന്ന സ്വപ്നയുടെ ആശങ്കയും മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ലെന്ന ശിവശങ്കറിന്‍റെ മറുപടിയും അടങ്ങുന്ന വാട്സ്ആപ് ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്.