സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡല്‍ഹിയിൽ നടന്ന ആം ആദ്മിയുടെ മാർച്ചിൽ സംഘർഷം ; സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു .

മദ്യനയത്തിൽ അഴിമതി ആരോപിച്ചുള്ള കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ ഡൽഹിയിലെ ബിജെപി ഓഫിസിലേക്ക് മാർച്ച് നടത്തി . സംഘർഷമുണ്ടായതിനെ തുടർന്ന് മാർച്ച് പൊലീസ് തടഞ്ഞു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുക്കുകയാണ് പോലീസ്. സംഘർഷം കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തും ഡൽഹിയിലെ പല ഭാഗങ്ങളിലും കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

അതിനിടെ, എഎപി ഓഫിസിൽ കയറിയ പൊലീസിനെ പ്രവർത്തകർ തള്ളി പുറത്താക്കി. പോലീസിനുനേരെ പ്രവർത്തകർ കല്ലും വടിയും എറിഞ്ഞു. പാർട്ടി ഓഫിസിൽ കയറിയാൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് നേതാക്കൾ ഭീഷണിമുഴക്കി.സിസോദിയയുടെ അറസ്റ്റിനെതിരെ എഎപി പ്രവർത്തകർ ഡൽഹിക്കു പുറമേ, ബെംഗളൂരു, ചണ്ഡീഗഡ്, ഭോപ്പാൽ തുടങ്ങി നിരവധി നഗരങ്ങളിലും പ്ര‌തിഷേധം പ്രഖ്യാപിച്ചിട്ടുണ്ട് .സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് എഎപി ഇന്ന് കറുത്ത ദിനം ആചരിക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് പറഞ്ഞിരുന്നു.

അതേസമയം, മനീഷ് സിസോദിയയെ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.സിബിഐ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങളാൽ ഡൽഹി എയിംസിലെ ഡോക്ടർമാരുടെ സംഘം സിബിഐ ആസ്ഥാനത്ത് എത്തി സിസോദിയയെ വൈദ്യപരിശോധയ്ക്ക വിധേയനാക്കി. ഡൽഹി മദ്യനയ കേസിൽ ഞായറാഴ്ച എട്ട് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് സിസോദിയയെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്.