ത്രിപുരയിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ല;ബിജെപിക്കെതിരെ സിപിഎമ്മും തിപ്ര മോദയും രംഗത്ത്

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ദൃശ്യങ്ങൾ പുറത്തുവിട്ടു. ത്രിപുരയിലെ രാംനഗർ, കക്രാബാൻ, അമർപൂർ എന്നിവിടങ്ങളിലെ സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ബിജെപി സംഘർഷം നടത്തുന്നുവെന്ന് തിപ്ര മോത പാർട്ടിയും ആരോപിച്ചു. ധൻപൂരിലും മോഹൻ പൂരിലും ബിജെപി അക്രമം നടത്തുന്നുവെന്ന് പ്രദ്യുത് ദേബ് കുറ്റപ്പെടുത്തി. അക്രമത്തെ കുറിച്ചും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനെ കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. 90 ശതമാനത്തിനു മുകളിൽ പോളിംഗ് ഉണ്ടാകുമെന്നും തിപ്ര മോത പാർട്ടി 31 സീറ്റ് നേടുമെന്നും പ്രദ്യുത് പറഞ്ഞു.
ധൻപൂരിൽ സംഘർഷം നടക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്ന സിപിഎം പിബി അംഗം മണിക്ക് സർക്കാർ, ബിജെപിയെ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ ശാന്തിർ ബസാർ, ഹൃഷ്യാമുഖ് എന്നിവിടങ്ങളിലെ സംഘർഷ ദൃശ്യങ്ങളും സിപിഎം പുറത്ത് വിട്ടു. വോട്ടർമാരെ വടികളും ഉപയോഗിച്ച് ആക്രമിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.