പശുവിന്‍റെ ചവിട്ടേൽക്കാനായി കാത്തുകിടക്കുന്ന ഒരുകൂട്ടം ആളുകൾ; വ്യത്യസ്ത ആചാരവുമായി മധ്യപ്രദേശിലെ ഒരു ഗ്രാമം

പശു അടുത്ത് ചവിട്ട് കിട്ടാതിരിക്കാനായി ഓടുന്നവരാണ് എല്ലാവരും. എന്നാൽ, പശുവിന്‍റെ ചവിട്ടേൽക്കാനായി കാത്തുകിടക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്, ഗായ്-ഗൗരി എന്നാണ് ഈ ആഘോഷത്തിന്‍റെ പേര്. മധ്യപ്രദേശിലെ ബീഡാവാഡ് എന്ന ഗ്രാമത്തിൽ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇവർ പശുവിന്‍റെ ചവിട്ടേൽക്കൽ ആചരിക്കുന്നത്. ഉജ്ജയിനിക്ക് അടുത്തുള്ള ഗ്രാമമായ ബീഡാവാഡിൽ ഗ്രാമവാസികൾ ഏറെ ആഘോഷത്തോടെയാണ് പശുവിന്‍റെ ചവിട്ടേൽക്കുന്ന ചടങ്ങ് നടത്താറ്. ഗോമാതാവ് ഭാഗ്യം നൽകുമെന്ന വിശ്വാസത്തിന്‍റെ ഭാഗമാണ് ഇത്. നൂറുകണക്കിന് പശുക്കളെ അഴിച്ചുവിട്ട് ഗ്രാമവാസികൾ നിലത്തുകിടക്കും, പശുക്കൾ ഇവരുടെ പുറത്തുകൂടി ചവിട്ടിപ്പോകുന്ന ചടങ്ങാണ് ഇത്. ഗോമാതാവ് അപകടം വരുത്തില്ല ഭാഗ്യം മാത്രമേ നൽകൂ എന്നാണു ഇവരുടെ വിശ്വാസം. അബദ്ധത്തിൽ മുറിവ് പറ്റിയാൽ ഗോമൂത്രവും ചാണകവുമാണ് ഇവർ മുറിവിൽ പുരട്ടുന്നത്. പശുവിന്‍റെ കൊമ്പുകളിൽ ചായംതേച്ച് കുടമണികെട്ടി മനോഹരമാക്കുന്നു. അതോടൊപ്പം കൊട്ടുകുഴലും വാദ്യമേളങ്ങളുടെ അകമ്പടിയുമായിട്ടാണ് പശുവിനെ തുറന്നുവിടുന്നതും ഗായ്-ഗൗരി ആഘോഷിക്കുന്നത്. പണ്ടുകാലത്ത് ഗ്രാമത്തിലുള്ള ഒരാൾ മകനെ ലഭിക്കാനായി പ്രാർഥിക്കുകയും അയാളുടെ ആഗ്രഹം സഫലമാകുകയും ചെയ്തതോടെയാണ് ഈ ആഘോഷം ആരംഭിച്ചതെന്നാണ് ഇവരുടെ വിശ്വാസം. ബീഡാവാഡ് ഗ്രാമത്തിനടുത്തുള്ള ജബുവാ ജില്ലയിലും ഇത് ആഘോഷിക്കാറുണ്ട്. ചാണകം കൊണ്ടുള്ള ഗോവർദ്ധനപർവതവും ദീപാവലികാലത്ത് ഇവിടെ നിർമിക്കാറുണ്ട്. ഇത്രയും കാലം പശുക്കളുടെ ചവിട്ടേറ്റിട്ടും ആർക്കും ഒരു പരിക്കും ഏറ്റിട്ടില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്.