ത്രിപുര തെരഞ്ഞെടുപ്പിൽ സിപിഐഎം മത്സരിക്കുന്നത് 43 സീറ്റുകളില്‍, കോണ്‍ഗ്രസിന് 13;സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റുകള്‍ പ്രഖ്യാപിച്ചു

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റുകള്‍ പ്രഖ്യാപിച്ചു. അഗര്‍ത്തല സിറ്റിയിലെ സിപിഐഎം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 60 സീറ്റുകളില്‍ 43 സീറ്റുകളില്‍ സിപിഐഎമ്മും 13 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുക. ബാക്കി മൂന്ന് സീറ്റുകളില്‍ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്കും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് മത്സരിക്കുക. ഫെബ്രുവരി 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.സിപിമ്മിന്റെ എട്ട് സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയതായും ഇടതുമുന്നണി സംസ്ഥാന കണ്‍വീനര്‍ നാരായണ്‍ കര്‍ പറഞ്ഞു.അതേസമയം സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 24 പുതുമുഖങ്ങളുണ്ട്. മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധാന്‍പൂരില്‍ ഇത്തവണ സിപിഐഎമ്മിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥിയായ കൗശിക് ചന്ദ്രയാണ് മത്സരിക്കുന്നത്.