റിപ്പബ്ലിക് ദിനത്തിൽ സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയില്‍ സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും’ എന്നതിനെ കേന്ദ്രപ്രമേയമാക്കി ഉരുവിന്റെ മാതൃകയിലാണ് ടാബ്ലോ .ബേപ്പൂര്‍ റാണി എന്ന പേരിലാണ് ടാബ്ലോ ഘോഷയാത്രയില്‍ എത്തുക. ദേവഘട്ടിലെ ബാബധാം ക്ഷേത്ര മാതൃകയ്ക്ക് മുന്നില്‍ ബിര്‍സ മുണ്ടയുടെ പ്രതിമയാണ് ഝാര്‍ഖണ്ഡ് അവതരിപ്പിക്കുക. ‘പൈക’ എന്ന പരമ്പരാഗത നൃത്തവും ആദിവാസി കലാരൂപമായ സൊഹ്റായിയും ഇതിന്റെ അകമ്പടിയാകും. ഭഗവാന്‍ കൃഷ്ണന്റെ ഗീതാദര്‍ശനവും വിശ്വരൂപവുമാണ് ഹരിയാനയുടെ ടാബ്ലോ. ശക്തിപീഠങ്ങളും ശ്രീശക്തിയും എന്ന ആശയത്തോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചിത്രരഥം അവതരിപ്പിക്കുക. സ്ത്രീ ശാക്തീകരണത്തിന്റെ അടയാളമായി യുനെസ്‌കോയുടെ സാസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജയാണ് ബംഗാളിന്റെ ടാബ്ലോയാവുക. മുഗളാധിപത്യത്തിനെതിരെ പോരാടിയ അഹോം പടനായകന്‍ ലചിത് ബര്‍ഫുക്കനും കാമാഖ്യ ക്ഷേത്രവുമാണ് ആസാമിന്റെ പെരുമ ഉയര്‍ത്തിപ്പിടിക്കുന്നത്. മാനസ്ഖണ്ഡ് എന്ന ആശയവുമായി ജഗദേശ്വര ക്ഷേത്രവും ദേവദാരുമരങ്ങളും പക്ഷി മൃഗാദികളുമൊത്തുചേരുന്ന പ്രകൃതിദൃശ്യമാണ് ഉത്തരാഖണ്ഡിന്റെ ടാബ്ലോയായി എത്തുന്നത്.