തന്റെ പുതിയ ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന് മമ്മൂട്ടി.‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ക്രിസ്റ്റഫര്‍’, ‘കാതല്‍’ എന്നിവയാണ് വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ എന്നാണ് മമ്മൂട്ടി പറയുന്നത്.
എന്നാൽ ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തന്റെ പുതിയ പ്രോജക്റ്റുകളെ കുറിച്ച് മമ്മൂട്ടി അഭിമുഖത്തില്‍ സംസാരിച്ചതില്‍ നിന്നാണ് ആരാധകര്‍ പേര് കണ്ടെത്തിയിരിക്കുന്നത്.റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം എന്നും ആരാധകര്‍ പറയുന്നു.
നടി ജ്യോതികയുമായി ഒന്നിക്കുന്ന കാതല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി എന്നും ക്രിസ്റ്റഫര്‍ റിലീസിന് തയ്യാറായെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗിനിടെ വെറും നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.