രാജീവ് ഗാന്ധി വധക്കേസ് ഇന്നും പൂര്‍ത്തിയാവാതെ അവശേഷിക്കുകയാണ്; സത്യം എന്താണെന്ന് പുറംലോകം അറിയണമെന്ന് പേരറിവാളനും അര്‍പ്പുതാമ്മാളും

രാജീവ് ഗാന്ധി വധത്തിന് പിന്നിലെ നിഗൂഢത നീക്കി സത്യം പുറത്ത് വരണമെന്ന് 31 വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായ പേരറിവാളന്‍.തന്റെ അമ്മ അര്‍പ്പുതാമ്മാളിനൊപ്പം കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ പോരാട്ടത്തിന്‍റെ ഫലമാണ് താന്‍ ഇന്നിവിടെ ഇരിക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് പേരറിവാളന്‍ സംസാരം തുടങ്ങിയത്.മുപ്പത്തൊന്ന് കൊല്ലത്തെ ജയില്‍ വാസവും നീതിക്കായി അർപ്പുതാമ്മാൾ നടത്തിയ ത്യാഗപൂർണ്ണമായ പോരാട്ടവും ഓര്മിപ്പിക്കന്നതായിരുന്നു ഇരുവരുടെയും വാക്കുകൾ .രാജീവ് ഗാന്ധി വധക്കേസ് ഇന്നും പൂര്‍ത്തിയാവാതെ അവശേഷിക്കുകയാണ്. നിഗൂഢതയുടെ മറ നീക്കി സത്യം പുറത്ത് വരണമെന്നും പേരറിവാളനും അമ്മയും പറഞ്ഞു. എസ് പി ത്യാഗരാജന്‍റെ റിപ്പോര്‍ട്ടാണ് തന്റെ മോചനത്തിന് വഴിയൊരുക്കിയത് . കുറ്റസമ്മതമൊഴി തെറ്റായിരുന്നുവെന്ന വസ്തുത വെളിപ്പെടാന്‍ ഇത് സഹായിച്ചു. ഒരുപാട് മാനസീക സംഘര്ഷങ്ങള് നിറഞ്ഞതായിരുന്നു ജയിൽവാസം . തൂക്കുകയര്‍ വിധിച്ചപ്പോൾ വല്ലാത്ത മാനസീകാവസ്ഥയിലായിരുന്നെന്നും പേരറിവാളന്‍ പറഞ്ഞു.

മകന്‍ തെറ്റ് ചെയ്യില്ലെന്ന് ഉത്തമ ബോധ്യമാണ് വീട്ടിലൊതുങ്ങിയിരുന്ന തനിക്ക് മകന് വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം നൽകിയത് എന്ന് അര്‍പുതമ്മാള്‍ പറഞ്ഞു. മകന്‍റെ മൃതദേഹം എടുത്ത് കൊണ്ടു പോകാന്‍ ആവശ്യപ്പെട്ട് വരെ സര്‍ക്കാര്‍ കത്തയച്ചിരുന്നു .എന്നാൽ ഇതൊന്നും തന്നെ തളര്‍ത്തിയില്ലെന്ന് അര്‍പുതമ്മാള്‍ കൂട്ടിച്ചേര്‍ത്തു. ലിറ്ററേച്ചർ ഫെസ്റ്റിലെ രാജീവ് ഗാന്ധിയും എന്‍റെ ജീവിതവും എന്ന വിഷയത്തെ അധികരിച്ചുള്ള പരിപാടിയിലാണ് പേരറിവാളനും അമ്മ അര്‍പുതഅമ്മാളും അനുഭവങ്ങള്‍ പങ്കുവയ്ക്കാനെത്തിയത്.