തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാവുന്നു; മെയ് മാസത്തോടെ ആദ്യത്തെ കണ്‍മണി തങ്ങളെ തേടിയെത്തും, സന്തോഷം പങ്കുവെച്ച് ഇന്ത്യൻ സ്വവര്‍ഗ ദമ്പതികള്‍

അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ മൂന്ന് വര്‍ഷം മുമ്പായിരുന്നു ആ സ്വവര്‍ഗ വിവാഹം. പരമ്പരാഗത വേഷമണിഞ്ഞെത്തിയ രണ്ട് ഇന്ത്യന്‍ യുവാക്കള്‍ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. തെലുഗ് കുടുംബത്തില്‍ പിറന്ന് ന്യൂദല്‍ഹിയില്‍ താമസിച്ചിരുന്ന ആദിത്യ മദിരാജുവും അമേരിക്കയില്‍ താമസിക്കുന്ന ഗുജറാത്തി കുടുംബത്തില്‍ നിന്നുള്ള അമിത് ഷായുമാണ് ന്യൂജഴ്‌സിയില്‍ വെച്ച് 2010-ല്‍ വിവാഹിതരായത്. വിവാഹച്ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു ശേഷവും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പങ്കുവെച്ചു. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈയടുത്ത് അവര്‍ പോസ്റ്റ് ചെയ്തത്. ‘തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാവുന്നു’-അതിന്റെ ആവേശമായിരുന്നു അവരുടെ വാക്കുകളില്‍. മറ്റെല്ലാ ദമ്പതികളെയും പോലെ തങ്ങള്‍ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് അവര്‍ ലോകത്തെ അറിയിക്കുന്നു. സ്വവര്‍ഗ രക്ഷിതാക്കള്‍ എന്ന നിലയിലല്ല, മറ്റേതൊരു ദമ്പതികളെയും പോലെ സാധാരണ രക്ഷിതാക്കളായിരിക്കും തങ്ങളെന്നു കൂടി അവര്‍ പറഞ്ഞു. സുഹൃത്തു വഴിയാണ് അതിനു നാലു വര്‍ഷം മുമ്പ് ഇരുവരും കണ്ടു മുട്ടിയത്. ന്യൂജഴ്‌സിയിലെ ഒരു ബാറില്‍ നടന്ന പിറന്നാള്‍ പരിപാടിയില്‍ വെച്ച് കണ്ടുമുട്ടിയ തങ്ങള്‍ അന്നു രാത്രി മുതല്‍ ഒരുമിച്ചായിരുന്നു താമസമെന്നാണ് വോഗ് മാഗസിനു നല്‍കിയ ഒരഭിമുഖത്തില്‍ അമിത് ഷാ പിന്നീട് പറഞ്ഞത്. പ്രണയത്തിലായ ശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വളര്‍ന്നവരാണെങ്കിലും ഒരേ അഭിരുചികളും താല്‍പ്പര്യങ്ങളുമായിരുന്നു തങ്ങളെ കൂട്ടിയിണക്കിയതെന്ന് അമിത് അന്ന് പറഞ്ഞിരുന്നു. ഇഷ്ടം കൂടിയപ്പോഴാണ് വിവാഹിതരാവാന്‍ ഇവര്‍ തീരുമാനിച്ചത്.

2019-ല്‍ അങ്ങനെ ന്യൂജഴ്‌സിയില്‍ വെച്ച് ഹിന്ദു ആചാര പ്രകാരം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായി. കമനീയമായ ഫോട്ടോഷൂട്ടായിരുന്നു വിവാഹത്തിലെ ഏറ്റവും ആകര്‍ഷണീയമായ ഘടകം. ഇവരുടെ വിവാഹ ഫോട്ടോകള്‍ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. ലോകോത്തര മാഗസിനുകളില്‍ ഇവരെക്കുറിച്ചുള്ള ഫീച്ചറുകള്‍ വന്നു. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുന്ന ഇവര്‍ ഈയടുത്താണ് കുഞ്ഞ് പിറക്കുന്ന കാര്യം അറിയിച്ചത്. എല്ലാ ദമ്പതികളെയും പോലെ കുഞ്ഞുണ്ടാവുക എന്ന വലിയ ആഗ്രഹം തങ്ങള്‍ക്കുമുണ്ടായിരുന്നുവെന്നും ഇതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. സ്വവര്‍ഗ ദമ്പതികള്‍ ആയതിനാല്‍, ഇതൊട്ടും എളുപ്പമായിരുന്നില്ല. തുടര്‍ന്നാണ് അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തിയത്. നാലു വട്ടം ഐവിഎഫ് ചികില്‍സ നടത്തി. തുടര്‍ന്നാണ്, ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് ഇവര്‍ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പാരംഭിച്ചത്. മെയ് മാസത്തോടെ ആദ്യത്തെ കണ്‍മണി തങ്ങളെ തേടിയെത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ഇരുവരും പങ്കുവെച്ചു.