ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്‍: ഗവർണറെ നേരിട്ട് ബാധിക്കുന്ന കാര്യം;രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം

സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരൻനായരാണ് നിയമോപദേശം നൽകിയത് .ഗവർണറെ ബാധിക്കുന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം.ഇതോടെ, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാനുള്ള സർക്കാരിന്റെ നീക്കം ഉടനെയെങ്ങും ലക്ഷ്യം കാണാനിടയില്ല .

ചാന്‍സലർ സ്ഥാനത്തുനിന്നും ഗവർണറെ പുറത്താക്കുന്ന രണ്ടു ബില്ലുകൾ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു.ചാൻസലർ ബിൽ ഗവർണറെ ബാധിക്കുന്നതിനാൽ തനിക്കു മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവർണറുടെ നിലപാട് . ബില്‍ രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം വൈകും.
14 സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നും ഗവർണറെ നീക്കി, പകരം വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതിനുള്ളതാണ് രണ്ടു ബില്ലുകൾ.