കൊല്ലത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അഞ്ചല്‍ സ്വദേശി നാസു അറസ്റ്റില്‍. യുവതിയെ ഡിസംബര്‍ 29ന് കൊല്ലത്തെ ബീച്ചില്‍ വെച്ച് പരിചയപ്പെട്ടെന്നാണ് യുവാവിന്റെ മൊഴി. തുടര്‍ന്ന് യുവതിയുമൊത്ത് ആളൊഴിഞ്ഞ കെട്ടിടത്തിലെത്തി. ഇവിടെ വെച്ച് ലെെംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിക്ക് അപസ്മാരം വന്നെന്നും ഇതോടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നും നാസു പോലീസിന് മൊഴി നല്‍കി. പൊലീസ് ഇയാളെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച രാവിലെ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് കൊല്ലം ചെമ്മാമുക്കിലെ റെയില്‍വേ ക്വോട്ടേഴ്‌സില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്ആറ് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പൂര്‍ണ്ണനഗ്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തും, നെഞ്ചിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളും ഉണ്ടായിരുന്നു. പുതുവത്സര ദിനത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ സംശയാസ്പദമായ രീതിയില്‍ അഞ്ചല്‍ സ്വദേശി നാസുവിന്റെ കയ്യില്‍ നിന്നും ഒരു ഫോണ്‍ കണ്ടെത്തി. ഫോണ്‍ കളഞ്ഞ് കിട്ടിയതാണെന്നായിരുന്നു യുവാവ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇയാളെ വിട്ടയച്ചു. ഫോണിലുണ്ടായ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്നാണ് നാസുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.