നോട്ട് നിരോധനം നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന

 

നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ എന്തായാലും അത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ബി.വി.നാഗരത്ന. റിസര്‍വ് ബാങ്ക് നിയമം കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന അധികാരങ്ങളെക്കുറിച്ചുള്ള ഭൂരിപക്ഷ വിധിയോടും ജസ്റ്റിസ് നാഗരത്ന പൂര്‍ണമായി വിയോജിച്ചു. ആര്‍ബിഐ നിയമത്തിന്റെ ഇരുപത്താറാം വകുപ്പിലെ രണ്ടാം ഉപവകുപ്പില്‍ പറയുന്ന ‘ഏത് സീരിസിലുള്ള’ നോട്ടും എന്നതിന്റെ അര്‍ഥം ‘എല്ലാ സീരിസുകളിലുള്ള’ നോട്ടും എന്നല്ല. അതുകൊണ്ടുതന്നെ നിയമം നല്‍കാത്ത അധികാരമാണ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിച്ചതെന്നും വിയോജനവിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ എല്ലാ സീരീസുകളും അസാധുവാക്കുന്നത് ഏതെങ്കിലും ഒരു സീരിസ് ഒഴിവാക്കുന്നതിനേക്കാള്‍ പ്രധാനപ്പെട്ട നടപടിയാണ്. അത് വെറുമൊരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ചെയ്യാനാവില്ല. രഹസ്യാത്മകത നിലനിര്‍ത്താനാണെങ്കില്‍പ്പോലും ഓര്‍ഡിന്‍സ് ഇറക്കുകയോ നിയമം പാസാക്കുകയോ ആണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.നോട്ട് നിരോധനം കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി തെറ്റോ ശരിയോ എന്ന് വിലയിരുത്തപ്പെടേണ്ടതെന്നും ജസ്റ്റിസ് ബി.വി.നാഗരത്ന അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനത്തിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് ശക്തമായ കുറ്റപ്പെടുത്തലും ജസ്റ്റിസ് നാഗരത്നയുടെ വിധിന്യായത്തിലുണ്ട്. ‘കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛയനുസരിച്ച്’ എന്നാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആര്‍ബി രേഖകളിലുള്ളത്. റിസര്‍വ് ബാങ്ക് നിയമപ്രകാരം ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് സ്വതന്ത്രമായി നോട്ട് നിരോധനത്തിന് ശുപാര്‍ശ നല്‍കണമായിരുന്നു. അല്ലാതെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമായിരുന്നില്ല ഇത് നടപ്പാക്കേണ്ടിയിരുന്നതെന്നും വിയോജന വിധിയില്‍ പറയുന്നു.