ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നാണ് പൊതുവെ പറയാറ്. അത് അമ്മയാകാം ഭാര്യയാകാം സഹോദരി അങ്ങനെ ആരുമാകാം. തന്റെ വിജയങ്ങൾക്ക് പിന്നിൽ അമ്മ ഹീരാബെൻ പകർന്നു നൽകിയ ജീവിതപാഠങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പല അവസരങ്ങളിലും പറഞ്ഞിട്ടുള്ള കാര്യമാണ്. 1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനിച്ചത്. സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. വിവാഹിതയാകുമ്പോൾ 15–16 വയസ് മാത്രമായിരുന്നു ഹീരാബെന്നിന്റെ പ്രായം. കുടുംബം കൊടിയ ദാരിദ്ര്യത്തിലായിരുന്നു. പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ കഷ്ടപ്പാടുകൾ കാരണം ഹീരാബെന്നിന് പഠിക്കാൻ സാധിച്ചില്ല. എന്നാൽ മക്കൾ എല്ലാവരും വിദ്യാഭ്യാസം നേടണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. പലപ്പോഴും ഫീസ് അടയ്ക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാൽ അതിന്റെ പേരിൽ മക്കളുടെ പഠനം മുടങ്ങാൻ അമ്മ അനുവദിച്ചിരുന്നില്ല. എന്തെങ്കിലുമൊക്കെ ജോലികൾ ചെയ്ത് ഫീസിനുള്ള പണം കണ്ടെത്തിയിരുന്നു. അമ്മയുടെ അധ്വാനശീലത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെയാണ്: വാർധക്യത്തിലും അമ്മ അടുത്തുള്ള കിണറ്റിൽ നിന്നും രണ്ട് തവണ വെള്ളംകോരും. നിരവധി പടികൾ കയറും, അടുത്തുള്ള ക്ഷേത്രത്തിൽ പോകും. മകൻ പ്രധാനമന്ത്രിയാണെങ്കിലും പൊതുഗതാഗത സംവിധാനങ്ങളാണ് മിക്കവാറും ഉപയോഗിക്കുന്നത്. 99–ാം വയസിലും അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം ചിട്ടയായ ജീവിതരീതിയും കഠിനാധ്വാനവുമാണ്. പുറത്ത് നിന്നുള്ള യാതൊരുവിധ ഭക്ഷണങ്ങളും അമ്മ കഴിക്കാറില്ല. വീട്ടിൽ തയാറാക്കുന്ന റൊട്ടിയാണ് പ്രിയപ്പെട്ട ആഹാരം. പുറത്ത് നിന്നുള്ള ഭക്ഷണങ്ങളിൽ താൽപര്യമുള്ള ഏക വസ്തു ഐസ്ക്രീമാണ്. മോദിയുടെയും സഹോദരങ്ങളുടെയും ചെറുപ്പകാലത്ത് എല്ലാവർക്കും ഒറ്റ ജോഡി യൂണിഫോം മാത്രമായിരുന്നു ഉണ്ടായിരുന്നത് അത് കീറി തുടങ്ങിയാലും അവ ഉപേക്ഷിക്കാൻ ഹീരാബെൻ സമ്മതിക്കില്ല. കീറിയ ഭാഗം തയ്ച്ചുനൽകും. അങ്ങനെ പല ഭാഗത്തും തയ്യലുള്ള യൂണിഫോമാണ് താൻ ജീവിതത്തിൽ ഉപയോഗിച്ചിരുന്നതെന്ന് മോദി തുറന്നുപറഞ്ഞിട്ടുള്ള കാര്യമാണ്. വീട്ടിലെ ദാരിദ്ര്യമാണ് ഭാവിയിൽ ഉപവാസമെടുക്കാൻ സഹായിച്ചിട്ടുള്ളതെന്നും മോദി പല വേദികളിലും സംസാരിച്ചിട്ടുണ്ട്. വീട്ടിൽ പച്ചക്കറി വാങ്ങാനുള്ള പണമുണ്ടായിരുന്നില്ല. മിക്ക ദിവസങ്ങളിലും മോരും വെള്ളവും റൊട്ടിയും പരിപ്പും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീട് ഉപേക്ഷിച്ച് പോകുന്നത് വരെ രണ്ട് റൊട്ടിയും ചായയും മാത്രമായിരുന്നു നരേന്ദ്രമോദിയുടെ ഭക്ഷണം. വീട്ടിലെ ധനസ്ഥിതി മെച്ചമായ കാലത്ത് അമ്മ സ്വന്തം കൈ കൊണ്ട് തനിക്ക് മധുരപലഹാരങ്ങൾ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും, അപ്പോഴൊക്കെയും മനസ് ഒരു കൊച്ചുകുട്ടിയെപ്പോലെ സന്തോഷഭരിതമാകാറുണ്ടെന്നും മോദി പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയായതിന് ശേഷവും 2016ൽ ഹീരാബെൻ മോദിക്കൊപ്പം വസതിയിൽ താമസിച്ചിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകൾക്കും മുൻപ് അമ്മയുടെ ആശിർവാദം വാങ്ങാൻ ജന്മനാട്ടിൽ മോദി എത്താറുണ്ടായിരുന്നു. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപും അമ്മയെ കാണാൻ മോദി നാട്ടിൽ എത്തിയിരുന്നു.