സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിനെതിരെ പരാതിക്കാരി വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സിബിഐ

സോളാർ പീഡന കേസില്‍ കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്ന് സിബിഐ. മൊഴി മാറ്റി പറയാൻ കെ സി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തി തീർക്കാനാണ് പരാതിക്കാരി ശ്രമിച്ചതെന്ന് സിബിഐ പറഞ്ഞു. പരാതിക്കാരിയുടെ മുൻ മാനേജർ രാജശേഖരൻ മൊഴി നൽകാൻ സിബിഐ ഓഫീസിൽ പോയപ്പോൾ 50,000 രൂപ ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു. കെ സി വേണുഗോപാലിന്‍റെ സെക്രട്ടറി നൽകിയെന്നായിരുന്നു രാജശേഖരൻ മൊഴി നൽകിയത്. പണം നൽകി അയച്ചത് പരാതിക്കാരി തന്നെയാണെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ഉമ്മൻചാണ്ടി ആയുർവേദ ചികിത്സയിലായിരുന്നപ്പോൾ ക്ലിഫ് ഹൗസിൽ വന്നുവെന്ന പരാതിക്കാരിയുടെ മൊഴി കളവാണെന്ന് സിബിഐ കണ്ടെത്തി. പരാതിക്കാരി വന്നതിന് തെളിവില്ലെന്നും ഉമ്മൻ ചാണ്ടി വീൽ ചെയറിലായിരുന്നില്ലെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. പീഡിപ്പിക്കുന്നത് പി സി ജോർജ് കണ്ടുവെന്ന മൊഴിയും തെറ്റാണെന്ന് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. താൻ അങ്ങനൊരു സംഭവം കണ്ടിട്ടില്ലെന്നാണ് ജോർജ് മജിസ്ട്രേറ്റിന് മൊഴി നൽകിയത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് പരാതിക്കാരി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കേസിൽ സിബിഐ റിപ്പോർട്ട് തള്ളണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരിതിക്കാരി വ്യക്തമാക്കി.