ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തി; ദീപികയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങൾ

ദീപിക പദുക്കോണിൻറെ പഠാൻ എന്ന ചിത്രത്തിലെ ​ആദ്യ​ഗാനത്തെ ചൊല്ലിയാണ് ഇപ്പൊ രാജ്യം ചർച്ച ചെയ്യുന്ന വിഷയം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രം​ഗത്തെത്തുകയും ചെയ്തു. ദീപികയ്ക്ക് എതിരെ സൈബർ ആക്രമണങ്ങളും ഉയർന്നു. എന്നാൽ ഈ വിവാദങ്ങൾക്ക് ഇടയിൽ കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകളാണ് പിന്നീട് നിറഞ്ഞത്. ‘ഇതാണ് സ്ത്രീ, ഈയിടെയായി രാജ്യം ദിവസവും ശല്യപ്പെടുത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവർ. ഇന്ത്യക്ക് അഭിമാനമായി മാറിയവർ, വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക. അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇന്ത്യയെ ലോകം അറിയുന്നത് ദീപിക പദുകോണിലൂടെയും ഷാരൂഖ് ഖാനിലൂടെയുമാണ്, ദീപിക ഇന്ത്യയുടെ മകൾ, വിമർശകർക്കുള്ള കടുത്ത മറുപടി’, എന്നിങ്ങനെയായിരുന്നു കമന്റുകൾ. ഒരുഭാ​ഗത്ത്അഭിനന്ദനങ്ങൾ നടക്കുമ്പോൾ, മറുഭാഗത്ത് താരത്തിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ‘എന്തുകൊണ്ടാണ് ദീപിക പദുക്കോണ് ഇവിടെ വന്നപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത്??സൗദി അറേബ്യയിൽ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്‌ലൈനുകളും ഇല്ലേ??’ എന്നും ചോദിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.