ലോകകപ്പ് ഫൈനലിൽ കയറാൻ അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് വാശിയേറിയ മത്സരം നടക്കുക. ലിയോണൽ മെസിയുടെ അർജന്റീനയും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോൾ തീപാറുന്ന പോരാട്ടമാണ് നടക്കുക എന്നുറപ്പ്. രാത്രി 12.30നാണ് മത്സരം. ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ ശേഷം മികച്ച ഫോമിലുള്ള അർജന്റീന ക്വാർട്ടറിൽ നെതർലാൻഡ്സിനെ മറികടന്നാണ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയെ മാത്രം തോൽപ്പിച്ച് മൊറോക്കോയോടും ബെൽജിയത്തോടയും സമനില പാലിച്ച് നോക്കൗട്ടിലേക്ക് കയറിയ ക്രൊയേഷ്യ ജപ്പാനെയും ബ്രസീലിനെയും തകർത്താണ് സെമിയിലെത്തിയത്. ഇരു ടീമും മുഖാമുഖം വരുമ്പോൾ പരിശീലകരുടെ തന്ത്രങ്ങളുടെ ഏറ്റുമുട്ടലിന് കൂടിയാവും ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ക്രൊയേഷ്യയെ മറികടക്കാൻ വ്യത്യസ്ത തന്ത്രങ്ങളാണ് അർജന്റീന പരിശീലകൻ സ്കലോണി അണിയറിയിൽ തയ്യാറാക്കുന്നത്. ബ്രസീലിനെ വീഴ്ത്തിയെത്തുന്ന ക്രൊയേഷ്യക്കെതിരെ സെമി ഫൈനലിൽ വിജയിക്കാൻ പഴുതുകളടച്ച തന്ത്രങ്ങളാണ് സ്കലോണിയൊരുക്കുന്നത്. ക്രൊയേഷ്യയുടെ മിന്നലാക്രമണങ്ങൾ തടയാൻ പരിശീലനത്തിനിടെ സ്കലോണി പരീക്ഷിച്ചത് മൂന്ന് ഫോർമേഷൻ ആണ്. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടാലും അൽപംപോലും തളരാതെ പൊരുതുന്നവരാണ് ക്രോട്ടുകൾ. സസ്പെൻഷനിലായ ഗോൺസാലോ മോണ്ടിയേലിന്റെയും മാർകോസ് അക്യൂനയുടേയും അഭാവവും മറികടക്കണം. ഇത് മുന്നിൽ കണ്ടാണ് സ്കലോണി മറുതന്ത്രം മെനയുന്നത്. റോഡ്രിഗോ ഡി പോളും ഏഞ്ചൽ ഡി മരിയയും പരിക്കിൽ നിന്ന് മുക്തരായിട്ടുണ്ട്. ഇവർ എത്രസമയം കളിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ ഫോർമേഷൻ നിശ്ചയിക്കുക. പതിവ് 4 -3 -3 ഫോർമേഷനൊപ്പം നെതർലൻഡ്സിനെതിരെ ഇറങ്ങിയ 5 -3 -2 ഫോർമേഷനും 4 -4 -2 ഫോർമേഷനും പരിശീനത്തിനിടെ സ്കലോണി പരീക്ഷിച്ചു. അർജന്റീന ടീമിൽ ഡി മരിയ കളിക്കുന്നില്ലെങ്കിൽ ലിയോണൽ മെസിയും ജൂലിയൻ അൽവാരസും മാത്രമായിക്കും മുന്നേറ്റത്തിലുണ്ടാവുക.