ചെയ്യാൻ ജോലിയില്ല; ജോലി ഒന്നും ചെയ്യാതെ തന്റെ കഴിവുകൾ നശിക്കുന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവാവ്

ജോലി ചെയ്യുന്ന കമ്പനിക്കെതിരെ വിചിത്ര പരാതിയുമായി യുവാവ്. ചെയ്ത് തീര്‍ക്കാന്‍ പ്രത്യേകിച്ച് ജോലികളൊന്നും നല്‍കാതെ മേലുദ്യോഗസ്ഥര്‍ തന്നെ ഒതുക്കി എന്നാണ് പരാതി. ഡബ്ലിനിലെ ഐറിഷ് റെയില്‍ കമ്പനിയിലാണ് സംഭവം. അവിടെ, ഫിനാന്‍സ് മാനേജരായ ഡെര്‍മോട്ട് അലസ്റ്റര്‍ മില്‍സ് ആണ് തനിക്ക് ജോലി ഒന്നും നല്‍കാത്തതിന് മേല്‍ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തത്. കമ്പനിയിലെ ക്രമരഹിതമായ അക്കൗണ്ടിംഗ് പ്രശ്നങ്ങള്‍ പുറത്തു കൊണ്ടു വന്നതാണ് കമ്പനി തനിക്ക് ജോലി ഒന്നും നല്‍കാത്തത് എന്നാണ് ഇദ്ദേഹത്തിന്റെ പരാതി. ഒരു ജോലിയുമില്ലാതെ വെറുതെയിരിക്കുന്നതിന് ഇദ്ദേഹത്തിന് ആ കമ്പനി പ്രതിവര്‍ഷം നല്‍കുന്ന ശമ്പളം 105,000 പൗണ്ട്. അതായത് 1.03 കോടി ഇന്ത്യന്‍ രൂപയാണ്. കമ്പനിയിൽ വന്നാൽ ആദ്യം മെയിൽ നോക്കും. ജോലിയുമായിബന്ധപ്പെട്ട യാതൊന്നും കാണില്ല, അതിനുശേഷം പത്രം വായിക്കുകയും സാൻഡ്‌വിച്ച് കഴിക്കുകയും ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും മെയിൽ നോക്കും. അപ്പോഴും ഒന്നും വരില്ല. ജോലിയൊന്നും ഇല്ലാത്തതിനാൽ മൂന്ന് മണിക്ക് തന്നെ ഇറങ്ങും. ജോലി ഒന്നും ചെയ്യാതെ തന്റെ കഴിവുകൾ നശിക്കുകയാണെന്ന് ഇദ്ദേഹം ആരോപിച്ചു. കമീഷന്‍ മില്‍സിനെ ഹിയറിംഗിനെ വിളിച്ചു. അടുത്ത ഹിയറിംഗ് അടുത്ത ആഴ്ച നടക്കും.