ഒരു നൂറ്റാണ്ടോളം നീളുന്ന ഫിഫ പുരുഷ ലോകകപ്പിലെ ചരിത്രം തിരുത്താൻ 3 വനിതാ റഫറിമാർ ഇന്നിറങ്ങും

ഒരു നൂറ്റാണ്ടോളം നീളുന്ന ഫിഫ പുരുഷ ലോകകപ്പിലെ ചരിത്രം തിരുത്താൻ വനിതാ റഫറിമാർ. ഇന്ന് നടക്കുന്ന കോസ്റ്ററിക്ക– ജർമനി മത്സരം നിയന്ത്രിക്കാൻ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇറങ്ങുന്ന 3 റഫറിമാരും വനിതകളാണ്. ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രപ്പാർട്ടാണ് പ്രധാന റഫറിയായി ഇറങ്ങുക. അസിസ്റ്റന്റ് റഫറിമാരായി ബ്രസീലുകാരി നൂസ ബെബെക്കും മെക്സിക്കോയിൽനിന്നുള്ള കരെൻ ഡയസും. ഫിഫ പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ നിയന്ത്രിക്കുന്ന മത്സരം എന്ന റെക്കോർഡും കോസ്റ്റാറിക്ക-ജർമനി പോരാട്ടത്തിന് സ്വന്തം. കഴിഞ്ഞയാഴ്ച പോളണ്ട്-മെക്സിക്കോ മത്സരത്തിൽ ഫോർത്ത് ഒഫിഷ്യൽ ആയതോടെ പുരുഷ ലോകകപ്പിലെ പ്രഥമ വനിതാ ഒഫീഷ്യൽ എന്ന നേട്ടം സ്റ്റെഫാനി ഫ്രപ്പാർട്ടിനു സ്വന്തമാക്കിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിലെയും ചാംപ്യൻസ് ലീഗിലെയും പ്രഥമ വനിതാ റഫറി എന്ന ബഹുമതിയും മുപ്പത്തിയെട്ടുകാരിയായ ഫ്രപ്പാർട്ടിന്റെ പേരിലാണ്.റുവാണ്ടയുടെ സലിമ മുകൻസംഘ, ജപ്പാന്റെ യംഷിത യോഷ്മി, യുഎസിന്റെ കാതറീൻ നെസ്ബിറ്റ് എന്നിവരും ലോകകപ്പിലെ 129 അംഗ റഫറി സംഘത്തിലുണ്ട്.