ദില്ലിയിൽ ഭാര്യ ഭർത്താവിനെ കൊന്ന്, വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. മകന്റെ സഹായത്തോടെ കൊലപാതകം നടത്തിയത്. സംഭവത്തിൽ ഭാര്യ പൂനം, മകൻ ദീപക് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കി മൃതദേഹം ഉപേക്ഷിച്ചത്. കഴിഞ്ഞ ജൂണിലാണ് കിഴക്കൻ ദില്ലിയിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ കണ്ടെത്തിയത്. എന്നാൽ അന്ന് മൃതദേഹമാരുടേതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ശ്രദ്ധ കേസിന്റെ പശ്ചാത്തലത്തിൽ മൃതദേഹത്തിന്റെ ഭാഗങ്ങൾ ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താൻ വീണ്ടും അന്വേഷിച്ചപ്പോഴാണ് സമാനമായ അഞ്ജൻ ദാസിന്റെ കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് കാരണമെന്നാണ് വിവരം.