ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി എൽഡിഎഫ് വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്തു. ഗവർണർക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് വിമർശനം. ധനമന്ത്രിയെ പുറത്താക്കാണമെന്ന് നിർദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയിൽ പറയുന്നു. ചാൻസിലറുടെ നീക്കങ്ങൾ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ആർഎസ്എസിന്റെ ചട്ടുകമായ ഗവർണറുടെ നടപടികളെ ചെറുത്ത് തോൽപ്പിക്കണമെന്നും ലഘുലേഖയിൽ പരാമർശിക്കുന്നു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഇടത് മുന്നണിക്കും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിശിത വിമർശനവുമായി ഗവർണർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.