കർണാടകയിൽ സൗജന്യ ചികിത്സ ലഭിക്കുന്നതിന് ആധാർ കാർഡും മറ്റ് രേഖകളും കൈയ്യിൽ ഇല്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ച ഗർഭിണി പ്രസവത്തിൽ മരിച്ചു. ആശുപത്രിയിൽ നിന്ന് മടക്കിയ 30 കാരിയായ കസ്തൂരി വീട്ടിൽ പ്രസവിക്കുകയും തുടർന്ന് അമ്മയും ഇരട്ട കുഞ്ഞുങ്ങളും മരിക്കുകയുമായിരുന്നു. ഒരു കുട്ടി വയറ്റില്‍ വെച്ചും ഒരു കുട്ടി പ്രസവിച്ച ഉടനെയുമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അയൽവാസികളാണ് കസ്തൂരിയെയും നവജാതശിശുക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. അയൽവാസികളാണ് കസ്തൂരിക്ക് വേണ്ട സഹായം ചെയ്തിരുന്നത്.
പ്രസവവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം കസ്തൂരിയെ അയൽവാസികൾ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ നൽകിയ ആധാർ കാർഡോ തായ് കാർഡോ ഇല്ലാത്തതിനാൽ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് അയൽവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട് സ്വദേശിനിയായ കസ്തൂരി 40 ദിവസം മുമ്പ് ഭർത്താവിന്റെ മരണത്തെ തുടർന്ന് ആറു വയസ്സുകാരിയായ മകളുമൊത്ത് തുംകുരുവിലേക്ക് താമസം മാറുകയായിരുന്നു. കസ്തൂരിക്ക് വീട്ടുകാരുടെ പിന്തുണ ഇല്ലാതിരുന്നതിനാൽ അയൽവാസികളാണ് സഹായിച്ചു വന്നത്.