ഷാരോൺ രാജ് വധക്കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി. സിന്ധു , നിർമ്മൽ കുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും. അമ്മയെയും അമ്മാവനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ദിവസം ഇരുവരയേും കസ്റ്റഡിയിൽ എടുത്തിരുന്നു. അതേസമയം ഗൂഢാലോചനയിൽ ഇവര്‍ക്ക് പങ്കില്ലെന്നും അത് ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരേയും കസ്റ്റഡിയിൽ വാങ്ങി രാമവര്‍മ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും. മെഡിക്കൽകോളേജ് ആശുപത്രിയിൽ ഐസിയുവിലുള്ള ഗ്രീഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ നൽകും. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്‍റെ അംശം കഷായത്തിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി.