കാസര്‍ഗോഡ് പെരിയയില്‍ ദേശീയപാതയില്‍ അടിപ്പാത തകർന്നുവീണ സംഭവത്തില്‍ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്; സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാകില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കാസര്‍ഗോഡ് പെരിയയില്‍ ദേശീയപാതയില്‍ അടിപ്പാത തകർന്നുവീണ സംഭവത്തില്‍ കരാർ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 336,338, കെപി118 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബേക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തികള്‍ നടത്തിയെന്നതിനടക്കമാണ് കേസെടുത്തത്. അപകടത്തില്‍ ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തിന് നേരിട്ട് പരിശോധിക്കാനാകില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധനാ റിപ്പോർട്ട് കിട്ടിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് നിർമാണം പുരോഗമിക്കുന്നതിനിടെ അടിപ്പാത തകർന്നുവീണത്. അടിപ്പാതയുടെ മുകള്‍ഭാഗം കോൺക്രീറ്റ് കഴിഞ്ഞയുടനെ തകർന്നുവീഴുകയായിരുന്നു. അപകടത്തില്‍ ഒരു അതിഥി തൊഴിലാളിക്ക് പരിക്കേറ്റു. സംഭവത്തില്‍ കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കരാർ കമ്പനിയുടെ നിർമാണത്തില്‍ അപാകതയുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും കുറ്റപ്പെടുത്തി. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്നും മുന്‍പ് ചെയ്ത മുഴുവന്‍ നിർമാണത്തിലെയും ഗുണമേന്മ പരിശോധിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.