കോയമ്പത്തൂർ സ്ഫോടനം; സിസിടിവി ദൃശ്യങ്ങളില്‍ സ്ഫോടക വസ്തുശേഖരം. പിന്നില്‍ തീവ്രവാദികളെന്ന് സൂചന

കോയമ്പത്തൂരിലെ ഉക്കടത്ത് ചാവേ‍ർ‌ ആക്രമണം എന്ന് സംശയിക്കുന്ന സ്ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തുമുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. മുബിന്റെ വീട്ടിന് സമീപത്ത് നിന്നും രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ട്. സ്ഫോടന സമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ ആകാം ഇതെന്നാണ് സൂചന. ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവർക്കായി അന്വേഷണം തുടങ്ങിക്കഴിഞ്ഞു . കഴിഞ്ഞ ദിവസങ്ങളിൽ മുബിനുമായി ബന്ധപ്പെട്ടവരെയും മുബിൻ സന്ദ‍ര്‍ശിച്ചവരേയും തിരിച്ചറിയാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ 7 പേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഉക്കടത്ത് ടൗൺ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാ‍ർ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സ്ഫോടനം നടന്ന കാറിനകത്ത് നിന്ന് മാർബിൾ ചീളുകളും ആണികളും കണ്ടെത്തി. സ്ഫോടനത്തിന്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്.വലിയ സ്ഫോടനത്തിന് ഇയാൾ പദ്ധതി ഇട്ടിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് പിന്നാലെ തമിഴ‍്‍നാട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.