കേരളത്തിലെ 9 സർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും എതിർത്തും യു ഡി എഫ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഗവർണറുടെ തീരുമാനത്തെ അനുകൂലിച്ചപ്പോൾ കെ.സി വേണുഗോപാലും മുസ്ലിം ലീഗും ഗവർണർക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നതയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞെങ്കിലും നിലവിലെ സ്ഥിതി കാണിക്കുന്നത് മറ്റൊന്നാണ്. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും ചെന്നിത്തല പറഞ്ഞിരുന്നു. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട് എന്നും ചെന്നിത്തല പറഞ്ഞു. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നെന്നും
വി ഡി സതീശൻ പറഞ്ഞു. എന്നാൽ വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന ഗവര്‍ണറുടെ തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. അത് എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി