ഉത്തർപ്രദേശിൽ പ്ലാസ്മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് ഡെങ്കിപ്പനി ബാധിതനായ രോഗി മരിച്ചു. സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ നടപടിയെടുക്കാൻ തീരുമാനം . പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിന് പിന്നാലെ ആശുപത്രി ജില്ലാ ഭരണകൂടം പൂട്ടിച്ചു. അതേസമയം ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രോഗിയുടെ കുടുംബം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയെ മുഴുവൻ ഞെട്ടിച്ച ഈ സംഭവം നടന്നത് . ഡെങ്കിപ്പനി ബാധിതാനായ 32 കാരനെ ഒക്ടോബർ 17 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . രക്തത്തിൽ ബ്ലഡ് പ്ലാസ്മ കുറവാണെന്നും ബ്ലഡ് ബാങ്കിൽ നിന്ന് വാങ്ങി കൊണ്ട് വരാനും ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് കുടുംബം തൊള്ളായിരം രൂപയ്ക്ക് പ്ലേറ്റ്‌ലെറ്റ് വാങ്ങി ഏൽപ്പിക്കുകയായിരുന്നു . ഇത് ഡ്രിപ്പിലൂടെ രോഗിക്ക് നൽകി. എന്നാൽ ഇതോടെ ഇയാളുടെ നില വഷളാവുകയായിരുന്നു.ഒക്ടോബർ 19 ന് ആരോഗ്യനില വഷളായതിനെ തുടർന്ന് രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ബന്ധുക്കൾ അറിയിച്ചു. ‘പ്ലേറ്റ്‌ലെറ്റ്’ ബാഗ് വ്യാജമാണെന്നും യഥാർത്ഥത്തിൽ രാസവസ്തുക്കളും മധുരവും മൊസാമ്പി ജ്യൂസും കലർത്തി രോഗിയ്ക്ക് നൽകുകയായിരുന്നു എന്നും രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. രക്തത്തിൽ ജ്യൂസ് കലർന്നതാണ് മരണകരണമെന്നും സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് യു .പി ഉപമുഖ്യമന്ത്രി ബ്രജേഷ് പതിക് ഉത്തരവിട്ടു. അതേസമയം വ്യാജ പ്ലേറ്റ്‌ലെറ്റ് കച്ചവടം നടത്തിയതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.