ബുദ്ധ സന്യാസിനി വേഷത്തിൽ ചൈനീസ് യുവതി ഡല്‍ഹിയില്‍ പിടിയിൽ; യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി പോലീസ്

വടക്കൻ ഡല്‍ഹിയില്‍ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി പോലീസ്. ബുദ്ധ സന്യാസിനിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർത്ഥി സെറ്റിൽമെന്റിലാണ് യുവതി താമസിച്ചിരുന്നത്. രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകിട്ടാണ് പിടികൂടിയത്.ചോദ്യം ചെയ്യലിനോട് ഇവർ സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. തിരിച്ചറിയൽ രേഖകളിൽ ഡോൽമ ലാമ എന്നും നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ വിലാസവുമാണ് നൽകിയിരുന്നത്. എന്നാൽ അവരുടെ യഥാർത്ഥ പേര് കയ് റുവോ എന്നാണ്. ടിബറ്റൻ അഭയാർത്ഥി കോളനിയായ മജ്നു കാടില്ലയിലാണ് ഇവർ താമസിച്ചിരുന്നത്. ഡൽഹി സർവകലാശാലയുടെ വടക്കൻ ക്യാംപസിനടുത്തുള്ള ഈ പ്രദേശം വിനോദസഞ്ചാര മേഖലയാണ്. അതേസമയം, ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് പൊലീസിനോട് ചോദ്യം ചെയ്യലിൽ യുവതി പറയുന്നത്. ഇംഗ്ലിഷ്, മാൻഡരിൻ, നേപ്പാളി ഭാഷകൾ ഇവർക്ക് അറിയാം. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.