നരബലിയും മൃഗബലിയും ആൾതൂക്കവുമെല്ലാം നിരോധിച്ചിട്ടുണ്ടെങ്കിലും ദുർമന്ത്രവാദത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യകളും കേരളത്തിൽ നിരവധി നടന്നിട്ടുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ നടന്ന ഏതാനും സംഭവങ്ങൾ;
1981 ഡിസംബറിൽ ഇടുക്കി പനംകുട്ടിയിലാണ് ഏറെ ദുരൂഹമായ നരബലി നടന്നത്. ഭർത്താവും ബന്ധുക്കളും ചേർന്നു സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടു. തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രവാദിയുടെ നിർദേശം അനുസരിച്ചാണ് നരബലി നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അടുക്കളയിൽ കുഴിച്ചിട്ട് മുകളിൽ ചാണകം മെഴുകുകയായിരുന്നു.
1983 ജൂലൈയിൽ മുണ്ടിയെരുമയിലാണ് അടുത്ത നരബലി നടക്കുന്നത്. നിധിക്കുവേണ്ടി ഒൻപതാം ക്ളാസുകാരനെ പിതാവും സഹോദരിയും അയൽക്കാരും ചേർന്നു ബലി നൽക്കുകയായിരുന്നു. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയിൽ ആയിരുന്നു മൃതദേഹം.
1995 ജൂൺ രാമക്കൽമേട് നരബലി നടന്നത് പിതാവും രണ്ടാനമ്മയും ചേർന്നു സ്കൂൾ വിദ്യാർത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുത്താണ്. തമിഴ്നാട്ടിലെ ഉമ്മമപാളയത്തിൽ നിന്നെത്തിയ ആറു മന്ത്രവാദികൾ സംഭവത്തിൽ പിടിയിലായി. കുട്ടിക്ക് ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മർദനമേറ്റിരുന്നു.
2012 ഒക്ടോബറിൽ തിരുവനന്തപുരം പൂവാറിന് അടുത്ത് രണ്ടു പേർ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആൻറണി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്തുദാസിൻറെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതു ദുർമന്ത്രവാദത്തിൽ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ക്രിസ്തുദാസും ആന്ർറണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉൾപ്പെടെ ആയിരുന്നു പ്രതികൾ.
2014 ഓഗസ്റ്റ് 9ന് പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിൻറെ ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെയാണെന്നാണ് കണ്ടെത്തൽ. ഹർസാന അഞ്ചുമാസം ഗർഭിണി ആയിരുന്നു .
2014 ജൂലൈയിൽ കരുനാഗപ്പള്ളിയിൽ തഴവ സ്വദേശി ഹസീന മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തൽ. മന്ത്രവാദി സിറാജുദ്ദീൻ അന്ന് അറസ്റ്റിലാവുകയും ചെയ്തു.
2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടിൽ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത്. ദുർമന്ത്രവാദം നടത്തിയിരുന്നയാളാണ് കൃഷ്ണൻ. പിടിയിലായതു കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണനു 300 മൂർത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നുമാണ് പൊലീസ് കണ്ടെത്തിയത്.
2019 മാർച്ചിൽ കൊല്ലം കരുനാഗപ്പള്ളിയിൽ തുഷാരയെ ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് നൽകിയിരുന്നത്. വിവാഹം കഴിക്കുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോൾ വെരും 20 കിലോ മാത്രമായിരുന്നു തൂക്കം.
2021 ഫെബ്രുവരി 7 ന് പാലക്കാട് പുതുപ്പള്ളി തെരുവിൽ ആറുവയസ്സുകാരനെ മാതാവ് കൊന്നത്അല്ലാഹുവിൻറെ പ്രീതിക്കായി ബലി കഴിച്ച് എന്നാണ് പൊലീസ് കണ്ടെത്തിയത്. മുൻ മദ്രസ അധ്യാപിക കൂടിയായിരുന്നു ഷാഹിദയെ കഴുത്തറുത്താണ് കൊന്നത്.