ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ന്യായീകരണം തെറ്റ്. തെറ്റുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണമാണ് പുറത്തു വന്നത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിലേതല്ലെന്നും യുവതി മറ്റ് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമായിരുന്നു തുടക്കത്തില്‍ ഡോക്ടര്‍മാർ പറഞ്ഞിരുന്നത്. 2017 നവംബര്‍ 30നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം അവശത വര്‍ധിച്ചു. സാധരണ ബുദ്ധിമുട്ടുകളെന്ന് കരുതി പലയിടത്തും ചികില്‍സതേടി. ഒടുവില്‍ വേദന അസഹനീയമായപ്പോള്‍ കഴിഞ്ഞമാസമാണ് സ്വകാര്യ ആശുപത്രിയില്‍ സ്കാനിങ് നടത്തിയത്. സ്കാന്‍ റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയ്ക്ക് ഉപയോഗിക്കുന്ന കത്രിക വയറ്റില്‍ ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നുവെന്നാണ് വിഡിയോ റിപ്പോര്‍ട്ടിൽ ഉള്ളത്.