എകെജി സെന്റർ ആക്രമണം; ജിതിനെതിരെ തെളിവായത് ആക്രമണ സമയത്തെ കാറും ടീ ഷർട്ടും

എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിനെതിരെ തെളിവായത് ആക്രമണ സമയത്തെ ദൃശ്യങ്ങളില്‍ കണ്ട കാറും ടീ ഷർട്ടും. ജൂണ്‍ 30 രാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ചുവന്ന ഡിയോ സ്‌കൂട്ടറില്‍ ഒരാളെത്തി എകെജി സെന്ററിന് നേരെ എന്തോ എറിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആക്രമണശേഷം സ്കൂട്ടർ ഈ കാറിന്റെ അടുത്ത് നിർത്തിയതായി കണ്ടെത്തിയിരുന്നു. കാർ ജിതിന്റേതാണെന്ന് തെളിഞ്ഞത് കേസിൽ നിർണായകമായി. ഇതിന് പുറമേ പ്രതിയുടെ ടീഷർട്ടും ഷൂസും നിർണായക തെളിവുകളായി. സിസിടിവി ദൃശ്യങ്ങളിൽ പ്രതി അണിഞ്ഞിരുന്നത് ഈ വസ്ത്രമായിരുന്നു. ഇതേ ബ്രാന്‍ഡിലുള്ള ടീഷര്‍ട്ടും ഷൂസും ജിതിന്‍ വാങ്ങിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ ഉള്‍പ്പെടെ സഹായത്തോടെയാണ് വിശദമായ അന്വേഷണം നടന്നത്. സര്‍ക്കാരിന് മുന്നില്‍ ഏറെ സമ്മര്‍ദം സൃഷ്ടിച്ച കേസില്‍ ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സമീപത്തെ നൂറിലധികം സിസിടിവി ക്യാമറകളില്‍ നിന്നാണ് പൊലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. ജിതിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചപ്പോള്‍ ഇയാളെത്തിയത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തിട്ടാണ്. സംഭവം നടന്ന ജൂണ്‍ 30 രാത്രിയില്‍ എകെജി സെന്ററിന് സമീപത്തെ ടവര്‍ ലൊക്കേഷനില്‍ ജിതിനുണ്ടായിരുന്നുവെന്നും തെളിവ് ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ജിതിന്‍ മടങ്ങി എന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്ന ജിതിന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാര്‍ കെഎസ്ഇബിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു.