ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. രാഷ്ട്രീയപാർട്ടികൾ മാറുന്നതിൽ കുപ്രസിദ്ധിയാർജിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ജയിൻ ഹവാല കേസിലെ മുഖ്യപ്രതിയായിരുന്നു ഗവർണറെന്നും പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്നും 7.63 കോടി രൂപയാണ് പല തവണകളായി വാങ്ങിയതെന്നും ആരോപിച്ചു. മന്ത്രിയായും ജനപ്രതിനിധിയായും പ്രവർത്തിക്കുമ്പോൾ അധികാര ദുർവിനിയോഗം നടത്തി പണം സമ്പാദിച്ചയാളായിരുന്നുവെന്നും സഞ്ജയ് കപൂറിന്റെ ബാഡ് മണി ബാഡ് ബാഡ് പൊളിറ്റിക്‌സ് – ദി അൺടോൾഡ് ഹവാല സ്റ്റോറി എന്ന പുസ്തകം ഈ അഴിമതിയുടെ ഉള്ളറകൾ തുറക്കുന്നതാണെന്നും മുഖപത്രത്തിൽ. വിലപേശി കിട്ടിയ നേട്ടങ്ങളിൽ ഗവർണർ മതിമറക്കുകയാണെന്നും ബി.ജെ.പി സർക്കാറിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സർക്കാറിനെതിരെ അസംബന്ധ യുദ്ധം നയിക്കുന്നുവെന്നും ലേഖനം വിമർശിക്കുന്നു. സംസ്ഥാന താൽപര്യങ്ങൾ ഹനിക്കുന്ന ഗവർണറുടെ നീക്കങ്ങൾ നാട് കണ്ടുനിൽക്കുമോയെന്ന് കണ്ടറിയണമെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.