ഭാരത് ജോഡോ യാത്രയയ്ക്കിടയിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ പോക്കറ്റടി സംഘം കടന്നുകൂടി

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയയ്ക്കിടയിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ പോക്കറ്റടി സംഘം കടന്നുകൂടി. സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരുവനന്തപുരം സിറ്റി പൊലീസ് മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. മോഷണസംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു. തമിഴ്‌നാട് അതിര്‍ത്തി കടന്ന് ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയതിന് തൊട്ട് പിന്നാലെ പോക്കറ്റടി സംഘത്തെക്കുറിച്ചുള്ള ചില പരാതികള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ പൊലീസിനും മോഷണസംഘത്തെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നാലംഗ മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. ഇവര്‍ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. നേമത്തുനിന്നാണ് സംഘം ജോഡോ യാത്രയിൽ പ്രവേശിച്ചത്. നാലുപേരും കേരളത്തിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.