കണ്ണൂർ – പോണ്ടിച്ചേരി കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് സെപ്തംബർ മൂന്നാം തീയതി മുതൽ

മലബാറിലെ യാത്രക്കാരുടെ ചിരകാല സ്വപ്നമായ കണ്ണൂർ – പോണ്ടിച്ചേരി കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് സെപ്തംബർ മൂന്നാം തീയതി മുതൽ ആരംഭിക്കും. മൂന്നാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു സർവ്വീസിന് തുടക്കം കുറിക്കും. കണ്ണൂരിൽ നിന്നും വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തൽമണ്ണ, പാലക്കാട്, കോയമ്പത്തൂർ, സേലം, ആത്തൂർ, നെയ്വേലി, കടലൂർ വഴി പിറ്റേ ദിവസം രാവിലെ 7.45 ന് പോണ്ടിച്ചേരിയിൽ എത്തിച്ചേരും. പോണ്ടിച്ചേരിയിൽ നിന്നും വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് പിറ്റേന്ന് രാവിലെ 8.45 ന് കണ്ണൂരും എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് നടത്തുക. മാഹി പ്രദേശത്തുള്ളവർക്ക് എല്ലാ ആവശ്യങ്ങൾക്കും പോണ്ടിച്ചേരിയുമായി ബന്ധപ്പെടുന്ന അവസ്ഥയിൽ അവർക്ക് പുതിയ ബസ് സർവ്വീസ് ഉപകാരപ്രദമാകും. കൂടാതെ പോണ്ടിച്ചേരിയിലെ മെഡിക്കൽ കോളേജ് അടക്കമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിർദ്യാർത്ഥികൾക്കും കണ്ണൂർ – പോണ്ടിച്ചേരി സർവ്വീസ് ​ഗുണകരമാകും.