ആസാദ് കശ്മീര്‍ : കെ.ടി ജലീലിനെതിരെ കുരുക്ക് മുറുക്കി ദില്ലി പോലീസ്

‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കുരുക്ക് മുറുക്കി ദില്ലി പൊലീസ്. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗമായ ഇഫ്‌സോ് ദില്ലി പൊലീസ് കൈമാറി. ജലീലിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. ജലീലിന്റെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് ദില്ലി തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. ജി.എസ്.മണി പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് 13ന് നല്‍കിയ ഈ പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ദില്ലി ഡിസിപിയെ അഭിഭാഷകന്‍ സമീപിച്ചു. ഇതിനു പിന്നാലെയാണ് ദില്ലി പൊലീസ് അന്വേഷണം ഇഫ്‌സോക്ക് കൈമാറിയതും കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയതും.
കശ്മീര്‍ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്കില്‍ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാര്‍ശങ്ങള്‍ നേരത്തെ വന്‍ വിവാദമായിരുന്നു. ‘പാക്ക് അധീന കശ്മീര്‍’ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജന കാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്റെ മറ്റൊരു പരാമര്‍ശം. ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയിരുന്നു.