ഫ്‌ലോറിഡ കടല്‍ തീരത്ത് ഭീമന്‍ ചുഴലി

ഫ്‌ലോറിഡയിലെ ഡെസ്റ്റിന്‍ കടല്‍ത്തീരത്ത് ആളുകള്‍ നില്‍ക്കുമ്പോള്‍ പെട്ടെന്നാണ് ആകാശം മേഘാവൃതമായതും ഭീമാകാരമായ ഒരു ജലച്ചുഴലി പ്രത്യക്ഷപ്പെട്ടതും. ഈ സമയം കാലാവസ്ഥ, നല്ല തണുപ്പുള്ളതായിരുന്നതായി പ്രദേശത്തുകാര്‍ പറയുന്നു. എമറാള്‍ഡ് തീരത്തെ പാന്‍ഹാന്‍ഡില്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് ഇന്നലെ രാവിലെ 7 മണിയോടെയാണ് ഭീമാകാരമായ ചുഴലി ആദ്യം കണ്ടത്. പ്രദേശത്ത് വീശിയടിക്കുന്ന കൊടുക്കാറ്റാണ് ഈ ജലച്ചുഴലിക്ക് കാരണമെന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ ഇത് സാധാരണ ജലച്ചുഴലിയല്ലെന്നാണ് അക്യുവെതറില്‍ ജോലി ചെയ്യുന്ന ജെസ്സി ഫെറല്‍ അഭിപ്രായപ്പെട്ടത്. ജലച്ചുഴലി പ്രത്യക്ഷപ്പെട്ടതോടെ ദേശീയ കാലാവസ്ഥാ വകുപ്പ് പ്രദേശവാസികള്‍ കടലില്‍ മത്സ്യബന്ധനത്തിനോ അല്ലാതെയോ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി. ഈ വേനല്‍ക്കാലത്ത് ഫ്‌ലോറിഡയിലെ പാന്‍ഹാന്‍ഡില്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ജലച്ചുഴലിയാണിത്.

എന്താണ് വാട്ടര്‍ സ്പൗട്ട് അഥവാ ജലച്ചുഴലി

മേഘ കൂമ്പാരങ്ങളടങ്ങിയ ക്യുമുലസ് മേഘങ്ങള്‍ അതിവേഗം വളരുമ്പോള്‍ രൂപം കൊള്ളുന്ന വായു, ജലം, മൂടല്‍മഞ്ഞ് എന്നിവയാല്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റാണ് വാട്ടര്‍ സ്പൗട്ട് അഥവാ ജലച്ചുഴലി. പ്രധാനമായും ജലമാകും ഇവ വഹിക്കുക. കരയില്‍ ചുഴലിക്കാറ്റ് അടിക്കുമ്പോള്‍ പൊടി പടലങ്ങള്‍ ഉയര്‍ന്ന് പൊങ്ങുന്നുവെങ്കില്‍ ജലാശയങ്ങളില്‍ നിന്ന് ചുഴലിയുയരുമ്പോള്‍ കൂടുതലായും വെള്ളമാകും ഉയരുക. ചുഴലിയുടെ പ്രഭാവത്തില്‍ വെള്ളം വായുവിലൂടെ നൂറ് കണക്കിന് അടി ഉയരുന്നു. ഇത്തരത്തിലൊരു പ്രതിഭാസമായിരുന്നു ഡെസ്റ്റിന്‍ തീരത്തുണ്ടായത്.