എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. ചെങ്കോട്ടയിൽ എൻസിസിയുടെ സ്‌പെഷ്യൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളിൽ നിന്നായി 127 കേഡറ്റുകൾ എത്തിയിട്ടുണ്ട്. പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള ദിവസമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐതിഹാസിക ദിവസമാണിത്. ലോകത്തിന്‍റെ എല്ലാ കോണിലും ത്രിവർണമണിയുന്ന ദിവസം. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണ്. അടുത്ത 25 വർഷം രാജ്യത്തിന് പ്രധാനമാണ്. നമുക്ക് വലിയ പദ്ധതികളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനായി അഞ്ച് പ്രതിജ്ഞയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. വികസനം പരമ പ്രധാനം, എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യം, ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക, അഖണ്ഡത കാത്തുസൂക്ഷിക്കുക, പൗരധര്‍മം പാലിക്കുക എന്നീ പ്രതിജ്ഞകളാണ് പ്രധനമന്ത്രി മുന്നോട്ടുവെച്ചത്.