ഒമാനില്‍ കാറിന് മുകളിലിരുന്ന് യുവാക്കളുടെ യാത്ര; പിന്നാലെ നടപടി

കാറിന് മുകളിലിരുന്ന് രണ്ട് യുവാക്കള്‍ ഒമാനില്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‍തു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. കാറിന്റെ മുകളിലിരുന്ന് രണ്ട് പേര്‍ യാത്ര ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ അടക്കം പ്രചരിച്ചതിന് പിന്നാലെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ നടപടി.

ഗതാഗത നിയമ ലംഘനം ബോധ്യപ്പെടുന്ന ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാകുന്നത്. ഡ്രൈവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.