വീട്ടുസഹായിയുടെ മകളെ സ്വന്തം മകളെപ്പോലെ വളര്‍ത്തി വീട്ടുമുറ്റത്ത് പന്തലൊരുക്കി കല്യാണം

വീട്ടില്‍ സഹായിയായെത്തിയ സ്ത്രീയുടെ മകളെ സ്വന്തം മകളെപ്പോലെ വളര്‍ത്തി ഒടുവില്‍ വീട്ടുമുറ്റത്ത് പന്തലിട്ട് നിലവിളക്കിനു മുന്നില്‍ കല്യാണം നടത്തി സുബൈദ. തലശ്ശേരി മൂന്നാം റെയില്‍വേ ഗേറ്റിലെ മെഹനാസില്‍ ഞായറാഴ്ചയാണ് വിവാഹം നടന്നത്. വയനാട് ബാവലിയിലെ ബേബി റീഷ്മയാണ് വിവാഹിതയായത്. കരിയാട് സ്വദേശി റിനൂപാണ് വരന്‍. മൂന്നാംഗേറ്റിലെ പി.ഒ. നാസിയും ഭാര്യ പി.എം. സുബൈദയും മുന്‍കൈയെടുത്താണ് സ്വന്തം വീട്ടുമുറ്റത്ത് പന്തലിട്ട് ഹൈന്ദവാചാരപ്രകാരം കല്യാണം നടത്തിയത്.
റീഷ്മയുടെ അമ്മ ജാനു, സുബൈദയുടെ ചെറുമകളെ പരിചരിക്കാന്‍ വീട്ടിലെത്തിയതാണ്. ഇവര്‍ പോകുമ്പോള്‍ റീഷ്മയെ സുബൈദയുടെ വീട്ടിലാക്കി. 13 വര്‍ഷമായി റീഷ്മയുടെ കാര്യങ്ങള്‍ നോക്കിയത് സുബൈദയാണ്. വിവാഹാലോചന വന്നപ്പോള്‍ എവിടെവെച്ച് നടത്തുമെന്ന അഭിപ്രായം ഉയര്‍ന്നു. രജിസ്ട്രാര്‍ ഓഫീസ്, അമ്പലം എന്നിങ്ങനെ പലയിടങ്ങള്‍ ആലോചിച്ചപ്പോഴാണ് വീട്ടില്‍വെച്ച് കല്യാണം നടത്താന്‍ തീരുമാനിച്ചതെന്ന് സുബൈദയുടെ മകളുടെ ഭര്‍ത്താവ് റാഷിക് അലി പറഞ്ഞു. വധുവിന് സ്വര്‍ണാഭരണങ്ങള്‍ നല്‍കിയതും സുബൈദയും കുടുംബവുമാണ്. 200 പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണിയും പായസവും നല്‍കി.