കണ്ണൂരില്‍ ആഢംബര വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവം മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കണ്ണൂരില്‍ ആഢംബര വിവാഹത്തിന് പൊലീസ് കാവല്‍ നല്‍കിയ സംഭവത്തില്‍ അഡീഷണല്‍ എസ്പി പി പി സദാനന്ദന്റെ ഓഫീസിലെ മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സെക്ഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരന്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ് പിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ കമ്പ്യൂട്ടര്‍ വഴി ഒപ്പ് രേഖപ്പെടുത്തിയതിനാണ് നോട്ടീസ്്. അഡീഷണല്‍ എസ് പിയുടെ അറിവില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ ഉത്തരവ് നല്‍കിയതിന്റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കല്ല്യാണ വീട്ടില്‍ പൊലീസ്‌കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് തന്റെ അറിവോടെയല്ലെന്നാണ് അഡീഷണല്‍ എസ് പിയുടെ വാദം.
കണ്ണൂര്‍ പാനൂരില്‍ പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹത്തിന് പൊലീസുകാരെ വാടകയ്ക്ക് നല്‍കിയതിനെതിരെ സേനയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ നാല് പൊലീസുകാരെയാണ് വിട്ട് നല്‍കിയത്. പൊലീസിനെ ആഢംബര വേദികളില്‍ പ്രദര്‍ശന വസ്തുവാക്കി മാറ്റരുതെന്നാണ് പൊലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച പൊലീസ് സംഘടന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഒരു പൊലീസുകാരന് 1400 രൂപ വീതം വാങ്ങിയാണ് പ്രവാസി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വിട്ട് നല്‍കിയത്. ബാങ്കുകളിലേക്ക് പണം കൊണ്ടുപോകുന്നതിനും, ഉത്സവം- സമ്മേളനം തുടങ്ങി നിരവധി പേര്‍ ചേരുന്ന ചടങ്ങുകള്‍ക്ക് പൊലീസിന്റെ സേവനം വിട്ട് നല്‍കുമ്പോള്‍ സംഘാടകരില്‍ നിന്നും പണമീടാക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുവലറുണ്ട്. ഈ സര്‍ക്കുലര്‍ മറയാക്കിയാണ് ഒരു വ്യക്തിയുടെ മകളുടെ വിവാഹ ചടങ്ങിന് പൊലീസുകാരെ വിട്ട് നല്‍കി അഡീഷണല്‍ എസ് പി പി പി സദാനന്ദന്‍ ഉത്തരവിറക്കിയത്. അതേസമയം, പൊലീസുകാരെ സ്വകാര്യ ചടങ്ങിന് വിട്ടുകൊടുത്ത ഉത്തരവിനെ കുറിച്ച് പരിശോധിച്ചുവരുകയാണെന്ന് മാത്രമാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പ്രതികരിച്ചത്.