കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 3 പേരില്‍ 2 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ രണ്ടര വയസുകാരിയും

കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തില്‍ ഇന്നലെ രാത്രി വിവിധ ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലും മൂന്നു പേരെയാണ് കാണാതായത് . കാണാതായ ഒരാളുടെ വീട് പൂര്‍ണമായും ഒഴുകി പോയി.ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോള്‍ അമ്മയുടെ കയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു. നദീറയെയും മറ്റൊരു സ്ത്രീയെയും ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചില്‍ കാണാതായ പൂളക്കുറ്റി വെള്ളറ കോളനിയിലെ രാജേഷിന്റെ മൃതദേഹവും രാവിലെ കണ്ടെത്തി.ഉരുള്‍പൊട്ടലില്‍ വീട് അടക്കം ഒഴുകിപ്പോയവെള്ളറയില്‍ പാലുമ്മി ചന്ദ്രന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് അതിരാവിലെ പുനരാരംഭിച്ചു. ഇന്നലെ രാത്രി ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചലിയില്‍ പരിക്കുകളുടെ ഇദ്ദേഹത്തിന്റെ മകനെ കണ്ടെത്തിയിരുന്നു.
NDRF, F&RS , സിവില്‍ ഡിഫന്‍സ് സേനകള്‍, ഉരുള്‍പൊട്ടലില്‍ തകര്‍ന്നുപോയ വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുകൊണ്ട് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.ഇപ്പോഴും ഇവിടെ ചെറുതായി മഴ പെയ്യുന്നുണ്ട്.
നിരവധി വാഹനങ്ങളും മലവെള്ളപ്പാച്ചിലില്‍ ഒഴുകി പോയിട്ടുണ്ട് , അന്‍പതിലേറെ കടകളില്‍ വെള്ളം കയറി. കണ്ണൂര്‍ നെടുമ്പോയില്‍ ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല.ഇരിട്ടി, തലശ്ശേരി താലൂക്കുകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആണ്