ഗാന്ധിജിയെ കഥാപാത്രമാക്കിയിറങ്ങിയ വീഡിയൊ ഗെയിം വിവാദത്തില്‍

മഹാത്മാഗാന്ധിയെ ഗുസ്തികഥാപാത്രമായി ചിത്രീകരിക്കുന്ന ലൈവ് സ്ട്രീം വീഡിയോ ഗെയിം വിവാദമാകുന്നു. തോര്‍ത്തും മേല്‍മുണ്ടും ധരിച്ചരീതിയിലാണ് ഗാന്ധിജിയെ കാണിച്ചിരിക്കുന്നത്. എതിരാളി ഗാന്ധിജിയെ ആക്രമിച്ചു വീഴ്ത്തുന്നതും തിരച്ചടിക്കുന്നതുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട് വേള്‍ഡ് റസലിങ് എന്റടെയിന്മെന്റ് (ഡബ്ല്യു. ഡബ്ല്യു.ഇ.) ചാമ്പ്യന്‍ഷിപ്പിലെ ഇപ്പോഴത്തെ ലോകചാമ്പ്യന്‍ റോമന്‍ റെയിന്‍സുമായി ഗാന്ധിജി മത്സരിക്കുന്ന രീതിയിലാണത്. ഗോദയ്ക്കു മുകളില്‍ ഉയരത്തില്‍ കെട്ടിയിട്ടിരിക്കുന്ന പെട്ടി എടുക്കുന്നതിനുള്ള ലാഡര്‍ മാച്ച് എന്ന വിഭാഗത്തിലെ മത്സരമാണു ചിത്രീകരിച്ചിരിക്കുന്നത്. റോമന്‍ റെയിന്‍സിനെ തോല്‍പ്പിച്ച് ഗാന്ധിജി ഏണിക്കു മുകളില്‍ക്കയറി ‘മണി ബാങ്ക്’ എന്നെഴുതിയിരിക്കുന്ന പെട്ടി ഉയര്‍ത്തിപ്പിടിക്കുന്നതോടെയാണു പൂര്‍ത്തിയാകുന്നത്. ഗോദയില്‍ വലിയ ഏണി ഉപയോഗിച്ചുള്ള പോരാട്ടം ഉള്‍പ്പെടെ ഒന്നര മണിക്കൂറോളം നീളുന്ന സ്ട്രീമിങ്ങാണ്. ഫെയ്‌സ്ബുക്കിലൂടെ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ ഈ ഗെയിം 33 ലക്ഷം ആളുകളാണ് കണ്ടത്. 8,300 കമന്റുകളുണ്ട്. ഈ ലൈവ് സ്ട്രീമിങ് നിരോധിക്കണമെന്നും രാജ്യവിരുദ്ധമാണെന്നുമാണ് ബഹുഭൂരിപക്ഷവും കമന്റുകളും.