ട്രെയിനിനുള്ളില്‍ പാമ്പ് : പരിഭ്രാന്തരായി യാത്രക്കാര്‍

ഇന്നലെ രാത്രി തിരുവന്തപുരം – നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചിലാണ് പാമ്പിനെ കണ്ടത്തിയത്. ട്രെയിനിന്റെ സ്ലീപ്പര്‍ കംപാര്‍ട്‌മെന്റില്‍ കയറിക്കൂടിയ പാമ്പ് യാത്രക്കാരുടെ സ്വസ്ഥത നശിപ്പിച്ചത് മണിക്കൂറുകളോളം. ട്രെയിനിനുള്ളില്‍ എങ്ങോട്ട് ഓടുമെന്ന ആശങ്കയില്‍ പാമ്പിനെ പേടിച്ച് പരിഭ്രാന്തരായിരുന്ന യാത്രക്കാര്‍ക്ക് ഒടുവില്‍ ശ്വാസം വീണത് പൊലീസും ഫോറസ്റ്റും ഫയര്‍ഫോഴ്‌സുമൊക്കെയെത്തി പരിശോധന നടത്തിയ ശേഷമാണ്. ട്രെയിന്‍ രാത്രി തിരൂരില്‍ എത്തിയപ്പോഴാണ് കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരി പാമ്പിനെ കാണുന്നത്. എസ് 5 സ്ലീപ്പര്‍ കോച്ചിലെ 28 -31 ബര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പ്. ഇതോടെ യാത്രക്കാര്‍ ബഹളം വച്ചു. ഇതിനിടെ ഒരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞു മറ്റ് ചിലര്‍ ബഹളമുണ്ടാക്കി ഇതോടെ യാത്രക്കാരന്‍ പാമ്പിന്റെ ദേഹത്ത് നിന്ന് വടിമാറ്റി. സംഭവമറിഞ്ഞ് ടിടിആര്‍ ഷാജി എത്തി. വിവരം റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. രാത്രി 10:15ന് കോഴിക്കോട് എത്തിയ ട്രെയിന്‍ റെയില്‍വേ അധികൃതരും വനംവകുപ്പും ചേര്‍ന്ന് ഒരു മണിക്കൂര്‍ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല.
കംപാര്‍ട്ട്‌മെന്റിലെ പല ഭാഗത്തും ഷട്ടറുകള്‍ തുറന്നു കിടന്നിരുന്നു. ഇതുവഴി പാമ്പ് അകത്തിയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിന്‍ നിര്‍ത്തിയിട്ട എതെങ്കിലും സ്ഥലത്ത് വച്ച് പാമ്പ് അകത്ത് കയറിക്കാണും എന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്്. വനം വകുപ്പും പൊലീസും അഗ്‌നിരക്ഷാ സേനയും എല്ലാം അരിച്ചുപറക്കിയിട്ടും പാമ്പിനെ കിട്ടിയില്ല എന്നതാണ് കൗതുകം. ഒടുവില്‍ 11.15 ഓടെ ട്രെയിന്‍ നിസാമുദ്ദീനിലേക്ക് പുറപ്പെട്ടു. എന്തായാലും ട്രെയിനില്‍ പെട്ടെന്നൊരു നിമിഷം, ബാഗിന് അരികില്‍ പാമ്പിനെ കണ്ടവരുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല.