സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ധൃതി കാണിച്ചുവെന്ന് കോടതി

കെ റെയില്‍ പദ്ധതി നല്ലതാണ്. പക്ഷെ നടപ്പാക്കേണ്ടത് ഈ രീതിയില്‍ അല്ലെന്ന് കോടതി പറഞ്ഞു. സാമൂഹികാഘാത പഠനത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകുകയാണെന്നും കോടതി വ്യക്തമാക്കി. കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ഹര്‍ജികള്‍ അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചെന്നും നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കോടതി പറഞ്ഞത് സര്‍ക്കാര്‍ ആദ്യം തന്നെ കേള്‍ക്കണമായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ കുറ്റപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചത്. കോടതി ആരുടെയും ശത്രു അല്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈ ഒഴിഞ്ഞില്ലെയെന്നും കോടതി ചോദിച്ചു. സാമൂഹിക ആഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ട് പോകുകയാണോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്ന് പറഞ്ഞ കോടതി, പദ്ധതി നടപ്പാക്കാന്‍ സര്‍ക്കര്‍ ധൃതി കാണിച്ചുവെന്നും കുറ്റപ്പെടുത്തി.