ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത കൂടിയായ ദൗപതി മുര്‍മു ഇപ്പോഴിതാ തന്റെ പേരിനെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു.
തന്റെ പേരിന്റെ ആദ്യപകുതിയായ ദ്രൗപതി എന്നത് യഥാര്‍ത്ഥ പേരല്ലെന്നും സ്കൂളില്‍ പഠിക്കുന്ന കാലം തന്റെ പേര് ഇഷ്ടപ്പെടാതിരുന്ന അധ്യാപകരിലൊരാള്‍ നല്‍കിയതാണെന്നുമാണ് അവര്‍ പറയുന്നത്. ഇതിഹാസ കഥയായ മഹാഭാരതത്തിലെ കഥാപാത്രമായ ദ്രൗപതി എന്ന പേര് തനിക്ക് ലഭിച്ചതങ്ങയെന്ന് ദ്രൗപതി മുര്‍മു വ്യക്തമാക്കി.
സാന്താളി വിഭാഗത്തില്‍ പെട്ട മുര്‍മുവിന്റെ യഥാര്‍ത്ഥ പേര് ‘പുട്ടി’ എന്നായിരുന്നു. ‘നല്ലതിന്’ എന്ന് പറഞ്ഞ് അധ്യാപകരിലൊരാളാണ് അത് ദ്രൗപതിയെന്നാക്കിയതെന്ന് ഒരു ഒഡിയ വീഡിയോ മാഗസിന് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
സാന്താളി വിഭാഗത്തില്‍ പെണ്‍കുട്ടി ജനിക്കുമ്പോള്‍ അവളുടെ മുത്തശ്ശിയുടെയും ആണ്‍കുട്ടി ജനിക്കുമ്പോള്‍ അവന്റെ മുത്തച്ഛന്റെയും പേര് സ്വീകരിക്കും. സ്കൂളിലും കോളേജിലും തന്റെ സര് നേയിം ടുഡു എന്നായിരുന്നുവെന്നും ബാങ്ക് ഓഫീസറായ ശ്യാം ചരണ്‍ ടുഡുവിനെ വിവാഹം ചെയ്തതോടെ ഇത് മുര്‍മു എന്ന് മാറ്റിയെന്നും രാഷ്ട്രപതി പറഞ്ഞു.