വയനാട് എം പി രാഹുൽഗാന്ധിയുടെ കൽപറ്റ ഓഫീസ് എസ് എഫ് ഐ അക്രമിച്ചെന്ന സംഭവത്തിൽ മഹാത്മ ഗാന്ധിയുടെ ഫോട്ടോ തകർത്തത് എസ് എഫ് ഐ അല്ലെന്ന പൊലീസ് റിപ്പോർട്ട് സഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു. എസ് എഫ് ഐ പ്രവർത്തകരുടെ അക്രമം ഉണ്ടായ ശേഷം അവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുമ്പോൾ കൂടെയുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് വയനാട് എസ് പി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രി സബ്മിഷന് മറുപടിയായി നൽകിയത്.
പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴി അനുസരിച്ച് 3.59ന് , എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് എടുത്ത ഫോട്ടോയിൽ ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പൊലീസ് ഫോട്ടോ ഗ്രാഫർ 4.0ന് എടുത്ത ഫോട്ടോ ഇത് വ്യക്തമാക്കുന്നുമുണ്ട്.എസ് എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റിയശേഷം അവിടേക്ക് കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകരെത്തിയിരുന്നു. അതിനുശേഷം 4.29ന് വീണ്ടും അതേ മുറിയിലെത്തുമ്പോൾ ഗാന്ധി ചിത്രം നിലത്ത് കിടക്കുന്നത് കണ്ട് ഫോട്ടോഗ്രാഫർ ആ ഫോട്ടോയും എടുത്തു. ആ സമയം ചിത്രം കമഴ്ന്ന നിലയിലാണ്. ചില ദൃശ്യങ്ങളും ഇത് സാധൂകരിക്കുന്നുണ്ടെന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതേക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതിനെകുറിച്ച് അന്വേഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.