രാഹുൽ ഗാന്ധിയുടെ ഓഫിസിലെ എസ്.എഫ്.ഐ ആക്രമണത്തില്‍ നിയമസഭ നിർത്തിവെപ്പിച്ച് പ്രതിപക്ഷം. സഭയ്ക്കുള്ളില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പിടിച്ച് യുഡിഎഫ് കനത്ത പ്രതിഷേധമുയര്‍ത്തി. ചോദ്യോത്തരവേള തടസപ്പെടുത്തുന്ന വിധത്തിൽ പ്രതിക്ഷേധം ഉണ്ടാക്കരുതെന്ന സ്പീക്കറുടെ അഭ്യര്‍ഥന മാനിക്കാതെയാണ് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി സഭയിൽ പ്രതിഷേധം ഉയർത്തിയത്. തുടർന്ന് സഭ നിർത്തിവെച്ചു. കറുത്ത ഷര്‍ട്ടും മാസ്കും ധരിച്ചാണ് യുഡിഎഫിലെ യുവ എംഎല്‍എമാര്‍ സഭയ്ക്കുള്ളിൽ പ്രതിക്ഷേധിച്ചത്. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാതിരിക്കാന്‍ സഭയ്ക്കുള്ളില്‍ മാധ്യമങ്ങളെ വിലക്കി. മീഡിയ റൂമില്‍ മാത്രമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം. കഴിഞ്ഞ നിയമ സഭാ സമ്മേളനം വരെ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. മന്ത്രിമാരുടെയും സ്പീക്കറുടെയും ദൃശ്യങ്ങൾ മാത്രമാണ് കാണിച്ചത്.