ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യോഗയിൽ നിന്ന് കിട്ടുന്ന സമാധാനം ഒരു വ്യക്തിക്ക് മാത്രമല്ലെന്ന് പ്രധാന മന്ത്രി

യോഗ ചെയ്യുന്നതിന്റെ പ്രയോജനം ഉയര്‍ത്തിക്കാട്ടി അത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് എല്ലാവർഷവും ജൂൺ 21 യോഗ ദിനമായി ആചരിക്കുന്നത്. 2014 ഡിസംബറിലാണ് ‘ജൂൺ 21’ അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 2015 ജൂൺ 21 മുതലാണ് യോഗ ദിനം ആദ്യമായി ആഘോഷിച്ച് തുടങ്ങിയത്.

കൊറോണയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം അന്താരാഷ്ട്ര യോഗ ദിനത്തോടുള്ള പരിപാടികൾ ഓൺലൈനായിട്ടാണ് നടന്നത്. ഇന്ന് എട്ടാമത്തെ അന്താരാഷ്ട്ര യോഗ ദിനത്തില്‍ കർണാടകയിലെ മൈസൂരു പാലസ് ഗ്രൗണ്ടിൽ നടന്ന യോഗയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ , കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ എന്നിവര്‍ ഉള്‍പ്പെടെ 15000 പേരാണ് ഈ യോഗാ
പരിപാടിയില്‍
പങ്കെടുത്തത്

യോഗ നമ്മളിൽ സമാധാനം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗയിൽ നിന്നു കിട്ടുന്ന സമാധാനം വ്യക്തിക്ക് മാത്രമുള്ളതല്ല, അത് നമ്മുടെ രാജ്യത്തിനും ലോകത്തിനും സമാധാനം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
ഈ പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ സ്വന്തം ശരീരത്തിൽ നിന്നും മനസ്സിൽ നിന്നുമാണ്. പ്രപഞ്ചം നമ്മളിൽ നിന്നാണ് തുടങ്ങുന്നത്. യോഗ ചെയുന്നതിലൂടെ എല്ലാ കാര്യത്തിലും നമ്മള്‍ ബോധവാന്മാരായിരിക്കുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി