കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിലെ കാലവർഷക്കാറ്റിന്റെയും കേരളത്തിനു മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനവുമാണ് മഴയ്ക്കു കാരണം. അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതൽ ജൂൺ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്. സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം കേരളത്തിൽ മൂന്നു ദിവസം മുൻപേ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 27ന് എത്തിയേക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.